Wednesday, September 12, 2012

ഒരു സഖാവിന്റെ കഥകള്‍ വായിച്ചപ്പോള്‍..

എന്റെ പേര്  എബിന്‍ ജോണ്‍. വയസ് 22. ബാംഗ്ലൂരില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു.

ഞാന്‍ ഒരു പാര്ട്ടിക്കാരനല്ല , ഇത് വരെ വോട്ടു ചെയ്തിട്ടുമില്ല . വീട്ടുകാര്‍ കോണ്‍ഗ്രസ്സ്കാര്‍ ആയതു കൊണ്ട് ഒരു 2 കൊല്ലം മുന്‍പേ വോട്ടു ചെയ്തിരുന്നെങ്കില്‍ അവര്‍ക്ക് തന്നെ കുത്തിയേനെ. പക്ഷെ ഇപ്പൊ ചെയ്യില്ല, കാരണം നമ്മുടെ നാറിയ UPA തന്നെ. കമ്മ്യൂണിസ്റ്റ്‌കാര്‍ക്ക് വോട്ടു ചെയ്യുമോ ? ഇല്ല. കാരണം തലപ്പത് ഇരിക്കുന്നവര്‍ വളരെ നല്ല ആള്‍ക്കാര്‍ ആണെന്ന് മനസിലായി, അത്ര തന്നെ. പിന്നെ ആര്‍ക്കു ചെയ്യും എന്ന് ചോദിച്ചാല്‍ BJP എന്ന് പറയും, അവരും ഒന്ന് വരട്ടെ എന്താകുമാന്നു നോക്കാല്ലോ.

ഏതോ രണ്ടു കമ്മ്യൂണിസ്റ്റ്‌ മലയാളം പടം കണ്ടിട്ടുണ്ട് എന്നതല്ലാതെ എനിക്ക് കമ്മ്യൂണിസവും ആയി യാതൊരു ബന്ധവുമില്ല, അത് കൊണ്ട് തന്നെയാണ് ഈ പുസ്തകം വായിക്കണമെന്ന് തോന്നിയതും ഓര്‍ഡര്‍ ചെയ്തതും , ഞാന്‍ ഒരു നിരൂപകനൊന്നും അല്ല , പക്ഷെ വായിച്ചു കഴിഞ്ഞപ്പോള്‍ അത് കൊണ്ട് എനിക്ക് എന്ത് മാറ്റം വന്നു എന്നുള്ളത് മറ്റുള്ളവരോട് പറയണം എന്ന് തോന്നി. അങ്ങനെയാണ് ഈ എഴുത്തിന്റെ പിറവി.

ബുക്ക്‌ കയ്യില്‍ കിട്ടിയപ്പോള്‍ ഉച്ച കഴിഞ്ഞു. ഓഫീസില്‍ നല്ല തിരക്ക് ഇടയ്ക്ക്. ഒന്ന് തുറന്നു നോക്കി വല്ല്യ സാഹിത്യം ഒന്നും ഇല്ല എന്നുറപ്പ് വരുത്തി.176 പേജുകള്‍ ഒരു 5 ദിവസത്തിനുള്ളില്‍ വായിച്ചു തീര്‍ക്കാം എന്നാ വിചാരത്തോടെ വായന തുടങ്ങി . ഞാന്‍ വായിക്കുന്ന കാണുന്ന എല്ലാര്ക്കും അത്ഭുതം , അതിലേറെ എല്ലാവരും ചോദിക്കുന്നു “ആര്‍ യൂ എ കമ്മ്യൂണിസ്റ്റ്‌?“ അല്ല എന്ന് പറഞ്ഞു ബുക്ക്‌ മടക്കി വച്ച് പണിയിലേക്ക്‌ തിരിഞ്ഞു. പക്ഷെ ഒരു ഭയങ്കര മടി. പയ്യെ വീണ്ടും വായന തുടങ്ങി. വായിയ്ക്കും തോറും പഴയ കാലത്തിലേക്കുള്ള മടങ്ങി പോക്ക് പോലെ.

ഒരു ചരിത്ര പുസ്തകം പ്രതീക്ഷിച്ചു നിന്ന ഞാന്‍ കണ്ടത് പച്ചയായ അനുഭവങ്ങള്‍ , അഭിപ്രായങ്ങള്‍ , യൌവനതിന്റെ തീക്ഷ്ണത. ഞാനിതു വരെയും കേട്ടിട്ടില്ലാത്ത, കേള്‍ക്കാന്‍ ഒരു സാധ്യതയുമില്ലാത്ത പേരുകള്‍, സ്ഥലങ്ങള്‍ , കഥകള്‍. ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവി ആരാകണം, ആരാകരുത് എന്ന് എനിക്ക് ആരോ പറഞ്ഞു തരുന്ന പോലെ തോന്നി. ഇതിനിടയില്‍ ഞാന്‍ വീട്ടിലെത്തിയിരുന്നു , ഭക്ഷണം കഴിച്ചു വീണ്ടും വായനയിലേക്ക് .
എന്നെപ്പോലെയുള്ള ഒരു പുതു തലമുറക്കാരനു വിശ്വസിക്കാന്‍ ഏറെ പ്രയാസമുള്ള , ജന്മിത്തതിന്റെയും , കുടിയാന്മാരെയും കുറിച്ചുള്ള കഥകള്‍.   പുസ്തകം  മൊത്തം വായിച്ചതില്‍ നിന്നും വിശ്വസിക്കാന്‍ പറ്റുന്ന ഒരേയൊരു കഥാപാത്രമേ ഉള്ളു. അത് രമേശനാണ് , കാരണം ഇന്ന് ഞാന്‍ കാണുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെല്ലാം പല തരത്തില്‍ രമേശന്മാരാണ്.

കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം എങ്ങനെ വളര്‍ന്നു പന്തലിച്ചു എന്ന് അറിയില്ലാത്ത ഏതൊരാളും വായിക്കേണ്ട ഒരു പുസ്തകമായിട്ടാണ് എനിക്ക് "ഒരു സഖാവിന്റെ വിപ്ലവാന്വേഷണങ്ങള്‍" തോന്നിയത് .

മൊറാഴ ദിനം എന്തിനാണ് എന്ന അറിയാത്ത എത്രയോ കമ്മ്യുണിസ്റ്റുകാരെ എനിക്കറിയാം. ഒരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അനുഭാവി ആകണമെങ്കില്‍ കടക്കേണ്ട കടമ്പകള്‍ വായിച്ചു മനസിലാക്കിയപ്പോള്‍ , 2 രൂപയ്ക്ക് SFI കൂപ്പണ്‍ വില്‍ക്കാന്‍ സ്കൂളില്‍ വന്നിരുന്ന കുട്ടി സഖാക്കന്മാരെ ഞാനോര്‍ത്തു പോയി.

 കുറെ മനുഷ്യത്തമില്ലാത്ത ആള്‍ക്കാര്‍ ഭരിക്കുന്ന ഒരു പാര്‍ടിക്ക് വേണ്ടി എന്തിനാണു ചിലരൊക്കെ സംസാരിക്കുന്നത് എന്ന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. പക്ഷെ അതിന്റെയെല്ലാം ഉത്തരം എനിക്ക് ഈ ഒരു പുസ്തകത്തിലൂടെ മനസിലായി. കമ്മ്യുണിസത്തെക്കുറിച്ചുള്ള എന്റെ ധാരണകള്‍ പലതും മാറ്റാന്‍ ഈ ഒരു വായനയെക്കൊണ്ട് സാധിച്ചു എന്നുള്ളതാണു സത്യം. ഇതില്‍ കുറച്ചു ഭാഗങ്ങള്‍ എനിക്ക് ദഹിക്കാതെ പോയിട്ടുണ്ട്, പ്രത്യേകിച്ചും കഥയുടെ ഒരു മൂഡില്‍ നിന്ന് പെട്ടെന്ന് ഒരു സ്വപ്നത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോള്‍.  എന്തോ വായിച്ചു തീര്‍ക്കാതെ പോയത് പോലെ.  പക്ഷെ അതൊന്നും എന്റെ വായനയ്ക്കൊരു തടസ്സമായില്ല. 4 ദിവസം കൊണ്ട് വായിച്ചു തീര്‍ക്കാമെന്ന് കരുതിയ ഞാന്‍ 4 മണിക്കൂര്‍ കൊണ്ട് വായിച്ചു തീര്‍ത്തു കിടന്നപ്പോള്‍ സമയം വെളുപ്പിനെ 2 : 30 .

എന്നെ മനസ്സിനെ വല്ലാത്ത ആഴത്തില്‍ സ്പര്‍ശിച്ചു എന്നൊന്നും ഞാന്‍ പറയുന്നില്ല പക്ഷെ interesting and unbelievable അതാണ് എനിക്ക് പറയാനുള്ളത്. ഒരു പക്ഷെ ഞാന്‍ ആയിരുന്നു എങ്കില്‍, ഞാനും ഇത് പോലെ തന്നെ ആയിപ്പോകുമായിരുന്നോ എന്നൊരു സംശയം. സഖാവ് എന്ന പദത്തിനു പുറകിലുള്ള ആദരവ് എന്താണെന്നു എനിക്ക് ഇപ്പോള്‍ വ്യക്തം.

ഈ പുസ്തകം വായിച്ചിട്ട് ഞാനൊരു കമ്മ്യുണിസ്റ്റ് അനുഭാവിയകുമോ ? ഒരിക്കലുമില്ല . ഞാന്‍ ഇപ്പോഴും ഇങ്ങനെ തന്നെയായിരിയ്ക്കും. പിന്നെ എന്ത് മാറ്റമാണ് എനിക്കുണ്ടായതെന്നു ചോദിച്ചാല്‍ ബഹുമാനം , എല്ലാവരോടുമില്ല പക്ഷെ എനിക്കറിയാവുന്ന ചില സഖാക്കളോട്. അത്ര തന്നെ. ഞാന്‍ ഇത് വായിച്ചിട്ട് ഇടതു പക്ഷക്കാര്‍ക്ക് വോട്ടു ചെയ്യുമോ എന്ന് ചോദിച്ചാല്‍ ഉത്തരം ഇല്ല എന്ന് തന്നെ. കാരണം ഞാന്‍ ചെയ്യുന്ന വോട്ടിനു പ്രതീക്ഷിക്കുന്ന ഫലം ഒന്നും ഉണ്ടാവില്ല എന്ന് ഈ പുസ്തകം തന്നെ എന്നോട് പറയുന്നുണ്ട്, സഹകരണ ബാങ്കിലെ വോട്ടെടുപ്പ് തന്നെ വലിയ ഒരു ഉദാഹരണം.

ഞാന്‍ ജീവിക്കുന്നതിനു മുന്‍പും ഒരു ജീവിതം ഉണ്ടായിരുന്നുവെന്നും , അതിനു ചോരയുടെ ചുവപ്പും മണവും ഉണ്ടായിരുന്നു എന്ന് മനസിലാക്കി തന്നതിന് ബിജുവേട്ടനു നന്ദി.

പറയണം എന്ന് കരുതിയ എന്തൊക്കെയോ വിട്ടു പോയത് പോലെ തോന്നുന്നു , പറ്റിയെങ്കില്‍ , താത്പര്യമുണ്ടെങ്കില്‍ ഈ പുസ്തകം വാങ്ങണം , വായിക്കണം . എന്ത് കൊണ്ടാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ വേരുകള്‍ ഇത്ര ആഴത്തില്‍ കേരളത്തില്‍ പതിഞ്ഞു എന്ന് എനിക്ക് മനസിലാക്കി തന്നത് ഈ പുസ്തകമാണ് . അത് നിങ്ങള്‍ക്കും മനസിലാക്കി തരാന്‍ ഇതിനു കഴിയും എന്നെനിക്കു ഉറപ്പുണ്ട്.

To the author : ഈ പുസ്തകം വായിച്ചതിനു ശേഷമാണ് എന്നോട് കാണാന്‍ പറഞ്ഞിരുന്നത് എങ്കില്‍ ഒരു പക്ഷെ ഞാന്‍ അത്ര നേരത്തെ നിങ്ങളെ വിട്ടയക്കില്ലയിരുന്നു. കാരണം എന്തൊക്കെയോ ഇനിയും പറയാന്‍ ബാക്കി ഉള്ള പോലെ ഒരു തോന്നല്‍ . ഈ പുസ്തകം മുഴുവനാക്കാന്‍ തിടുക്കപ്പെട്ടത്‌ പോലെയാണ് അവസാനം , പെട്ടെന്ന് എഴുത്ത് നിര്‍ത്തിയത് പോലെ , പറ്റുമെങ്കില്‍ ഒരു രണ്ടാം ഭാഗം എഴുതണം ഈ പുസ്തകത്തിന്റെ അവസാനം മുതല്‍ , ഈ പുസ്തകം എഴുതാന്‍ തിരുമാനം എടുത്ത നിമിഷം വരെയുള്ള ജീവിതം, അതും കൂടി അറിയണമെന്ന ആഗ്രഹം എനിക്കുണ്ട് , ചിലപ്പോള്‍ പലര്ക്കുമുണ്ടാകാം.

Sunday, August 5, 2012

മതം , രാഷ്ട്രീയം , വിധി , ഭാഗ്യം പിന്നെ ഞാനും .

എന്റെ ചെറുപ്പ്പത്തില്‍ ഞാന്‍ ഒരു നല്ല ദൈവ വിശ്വാസിയായിരുന്നു, ആകണമല്ലോ കാരണം ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഏതൊരു മനുഷ്യനും ഒരു 20 വയസ് വരെയെങ്കിലും ദൈവത്തില്‍ വിശ്വസിച്ചു പോകും, അതാണ് അവന്റെ ലോകം. അതാണ്‌ അവന്റെ അവസാന ആശ്രയം.

ആ പ്രായം കഴിഞ്ഞാല്‍ പിന്നെ ചിന്തിക്കുന്ന രീതികളും , ജീവിക്കുന്ന അവസ്ഥകളും മാറുന്നു. ഒരാള്‍ യാധാര്ധ്യങ്ങള്‍ മനസിലാക്കുന്ന്നു. ദൈവം എന്നാ സങ്കല്പം സഹായതിനില്ലാത്ത അവസ്ഥ. അവിടെയാണ് ഓരോ നിരീശ്വരവാധിയും ജനിക്കുന്നത് . ഈ പറഞ്ഞു വരുന്നതിനര്‍ത്ഥം ഞാന്‍ ഒരു നിരീശ്വരവാധി ആണ് എന്നല്ല പക്ഷെ എന്താണെന്നു വിളിക്കനറിയാത്ത പേരില്ലാത്ത ഒരുതരം അവസ്ഥ. ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട് പക്ഷെ എനിക്കറിയാം അത് കൊണ്ട് എനിക്കൊന്നും കിട്ടാനില്ല എന്ന് , പക്ഷെ ഞാന്‍ നിസ്സഹായനവുമ്പോള്‍ എനിക്ക് ഒരു സമാധാനം കിട്ടാന്‍ ഒരു പ്രതീക്ഷ വേണം, ഒരു ultimate power വേണം , എനിക്ക് ദൈവം അതാണ്‌. . ഒരു പ്രതീക്ഷ ,ഒരു താത്കാലിക ആശ്വാസം.

ഒരു കൌമാരക്കാരന്‍ മതങ്ങളെ വെറുക്കുന്നത് അവന്‍ പ്രണയിക്കുന്ന പെണ്‍കുട്ടി മറ്റൊരു മത വിശ്വാസിയാകുംബ്ബൊഴാണു എന്നാണു എനിക്കു തോന്നുന്നത്. ഈ ലോകത്തില്‍ തനിക്കിഷ്ടപ്പെട്ടവരുടെ കൂടെ ജീവിക്കാന്‍ അനുവദിക്കാത്ത ഒരു ദൈവമുണ്ടെങ്കില്‍ ദൈവം നമ്മളെ അനുഗ്രഹിക്കുന്നു എന്ന് പറയുന്നതിന്റെ അര്‍ഥം എന്താണ്, ഇതാണോ അനുഗ്രഹം ?

മതവും രാഷ്ട്രീയവും ഇല്ലായിരുന്നെങ്കില്‍ ഈ ലോകം എത്ര മനോഹരമായേനെ എന്ന് ആലോചിക്കാത്ത ആരെങ്കിലും ഉണ്ടോ ഈ കൂട്ടത്തില്‍ ?

ഞാന്‍ എന്റെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുന്നതിനിടയില്‍ , ലാസ്റ്റ് റൌണ്ട് ആണ് HR റൌണ്ട് എന്ന് വിളിക്കും, ഇത് കൂടെ കഴിഞ്ഞാല്‍ എനിക്ക് ജോലി കിട്ടും, ആദ്യത്തെ ജോലി അത് നല്ലൊരു കമ്പനിയില്‍ തന്നെ, അപ്പോഴാണ് ഈ ചോദ്യം വരുന്നത് , നീ വിധിയില്‍ വിശ്വസിക്കുന്നുണ്ടോ എന്ന്?? ( Do you believe in faith ? ) .

ചോദ്യത്തിനും മറുപടിക്കുമിടയിലുള്ള ആ ചെറിയ സമയത്തിനുള്ളില്‍ ഞാന്‍ ചിന്തിച്ച കാര്യങ്ങള്‍ക്ക് കണക്കില്ല. ഞാന്‍ പറഞ്ഞ ഉത്തരം ഇതായിരുന്നു, ഒരിക്കലുമില്ല , ഞാന്‍ വിധി ഭാഗ്യം എന്നിവയുടെ ഒരു ആരാധകനല്ല, കാരണം എന്റെ ജീവിതത്തില്‍ എന്ത് സംഭവിക്കണമെന്നു തിരുമാനിക്കുന്നത് ഞാന്‍ മാത്രമാണ് , എനിക്ക് ഒരു ജോലി കിട്ടിയാല്‍ നിങ്ങള്‍ പറയും അവന്റെ ഒരു ഭാഗ്യമെന്നു ? അതിനു വേണ്ടി ഒരു ജീവിതകാലം മുഴുവന്‍ ഒഴിഞ്ഞു വച്ച ഞാന്‍ ഒന്നുമല്ലേ ?, എന്റെ തീരുമാനങ്ങളും , എന്റെ കഷ്ടപ്പാടുകളും ഒരു വിലയും ഇല്ലാത്ത അവസ്ഥ. ഇനി ജോലി കിട്ടിയില്ല എന്ന് വരട്ടെ അപ്പോള്‍ നിങ്ങള്‍ പറയും അവന്റെ വിധി എന്ന് , ആണോ ?? ഞാന്‍ മുകളില്‍ പറഞ്ഞ അതെ തീരുമാനങ്ങള്‍ മാത്രമാണ് എനിക്ക് ജോലി നഷ്ടപ്പെടുത്തിയത്. അത് കൊണ്ട് ഞാന്‍ വിധിയിലും ഭാഗ്യത്തിലും വിശ്വസിക്കുന്നില്ല .

എന്റെ മതം , രാഷ്ട്രീയം , വിധി , ഭാഗ്യം എന്നിവയോടുള്ള കാഴ്ച്ചപാടുകളാണ് ഞാന്‍ ഇവിടെ എഴുതാന്‍ ഉദ്ദേശിച്ചത് , അതിപ്പോ എവിടെപ്പോയെന്ന് എന്നോട് ചോദിക്കരുത് .

ഞാന്‍ ആരെയും വേദനിപ്പിക്കാന്‍ വേണ്ടി എഴുതിയതല്ല. അങ്ങനെ എഴുതിപ്പോയതാണ്.

പിന്നെ ഇന്റര്‍വ്യുവിന്റെ കാര്യം പറഞ്ഞില്ലേ , ഞാനിപ്പോഴും അവിടെ തന്നെയാണ് ജോലി ചെയ്യുന്നത്, സുഖമായി . :)

Saturday, August 4, 2012

ആരാണീ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍. ??

ആദ്യമേ ഒരു കാര്യം പറഞ്ഞേക്കാം , ഇത് സോഫ്റ്റ്‌വെയര്‍ ബുജികള്‍ക്കു വേണ്ടി ഉള്ളതല്ല , അതെന്താണെന്ന് ഒരു ഐഡിയ പോലും ഇല്ലാത്ത എല്ലാ ദിവസവും ഇതെന്താണ് ഇവര്‍ ചെയ്തു കൂട്ടുന്നതെന്ന് ഒരു തിരിവും കിട്ടാത്ത പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണിത്.


ഞാന്‍ സോഫ്റ്റ്‌വെയര്‍ എന്താണെന്നു പഠിക്കുന്ന കാലത്ത് പോലും ഞാന്‍ ഭാവിയില്‍ എന്താ ചെയ്യുക എന്ന് എനിക്കൊരു പിടിത്തവും ഇല്ലായിരുന്നു എന്നതാണ് സത്യം. ഏതോ സിനിമയില്‍ ആരോ പറയുന്ന പോലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് എന്ന് പറയുന്നത് ഒരു മഹാ സാഗരമാണ് , ഞാന്‍ അതിന്റെ കരയില്‍ ചൂണ്ട ഇടുന്ന ഒരു പാവം മനുഷ്യനും.

മെക്കാനിക്കല്‍ എഞ്ചിനീയര്‍ എന്ന്നാല്‍  മെഷീനുമായി മല്‍പ്പിടുത്തം നടത്തുന്നവന്‍ , സിവില്‍ എഞ്ചിനീയര്‍ എന്നാല്‍ പാലം പണിയുന്നവന്‍ ഇങ്ങനെയോക്കെയനല്ലോ നമ്മുടെ കോണ്‍സെപ്റ്റ്.


ഇത്ര മാത്രം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ കൂട്ടത്തോടെ പണി എടുത്തിട്ടും തീരാത്ത എന്ത് ജോലിയാണ് ഇവര്‍ ചെയ്യുന്നതെന്തു ഒരിക്കലെങ്കിലും നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ ? ഉണ്ടെങ്കില്‍ ഇതാണ് ഉത്തരം. നിങ്ങള്‍ ഇപ്പോള്‍ വായിക്കുന്ന വെബ്സൈറ്റ് മുതല്‍ നിങ്ങളുടെ മൌസിന്റെ ചലനം വരെ നടക്കനമെന്നുന്ടെങ്കില്‍ അതിനു പുറകില്‍ നൂറു കണക്കിനാളുകളുടെ അധ്വാനം ഉണ്ട്. ഒരു മൗസ് മൂവ് ചെയ്യുമ്പോള്‍ എന്ത് രസം ഒരു ആരോ  അതിനനുസരിച്ച് മൂവ് ആകുന്നു. എന്നാല്‍ അത് എങ്ങനെ സംഭവിക്കുന്നു ? മൗസ് എന്നത് ഒരു ഹാര്‍ഡ്‌വെയര്‍ ആണ് , അതായതു ഒരു physical object. അതിന്റെ ചലനം മനസിലാക്കി എടുത്തു അതിനെ കമ്പ്യൂട്ടര്‍ എന്ന മറ്റൊരു physical object ഇന് മനസിലാക്കി കൊടുക്കുന്നത് ഡ്രൈവര്‍ എന്ന് ഓമനപ്പേരുള്ള ഒരു സോഫ്റ്റ്‌വെയര്‍ ആണ്. ഇനി ഇതെങ്ങനെ സാധിക്കുന്നു എന്നല്ലേ , പറയാം. ഒരു കംപ്യൂട്ടറിന്റെ പ്രോസ്സസര്‍ എന്ന തലച്ചോറിനു ആകെപ്പാടെ മനസിലാവുന്നത് 1 ഉം 0 ഉം മാത്രമാണ്. അതിനെ ബിട്സ് എന്ന് പറയും. അപ്പൊ മൗസ് എന്ന സാധനത്തിന്റെ ചലനത്തെ കംപ്യൂട്ടറിനു മനസിലാക്കി കൊടുക്കാന്‍ ഒരാള് വേണം അതാണ്‌ ഡ്രൈവര്‍ അഥവാ മോസിന്റെ ചലനം മനസിലാക്കാനുള്ള സോഫ്റ്റ്‌വെയര്‍ . ഇങ്ങനെ നിങ്ങള്‍ കമ്പ്യൂട്ടറില്‍ ചെയ്യുന്ന ഓരോ ചെറിയാ കാര്യത്തിന്റെ പിന്നിലും ഇങ്ങനത്തെ ഡ്രൈവര്‍ അഥവാ സോഫ്റ്റ്‌വെയര്‍ ഉണ്ടാവും . ഇതിനെ ഞങ്ങള്‍ ഹൈ ലെവല്‍ പ്രോഗ്രാമിംഗ് എന്ന് വിളിക്കും. അതായതു ഭയങ്കര ബുജികള്‍ ചെയ്യുന്ന പ്രോഗ്രാം.

ഞാന്‍ എന്ത് ചെയ്യുന്നുവെന്നു ചോദിച്ചാല്‍ ഞാന്‍ ഒരു പാവം ഡെവലപ്പര്‍ ആണ് , ശരിക്ക് പറഞ്ഞ .NET ഡെവലപ്പര്‍ . ഞാന്‍ ഈ മേലെപ്പറഞ്ഞ പരുപാടി അല്ല ചെയ്യുന്നേ , പകരം നിങ്ങള്‍ കാണുന്ന വെബ്സൈറ്റ് ഇല്ലേ അത് ഉണ്ടാക്കാന്‍ വേണ്ടി പല പല പ്രോഗ്രാമ്മിംഗ് ഭാഷകള്‍ ലഭ്യമാണ് , ex : .NET , ജാവ , PHP , ruby on rails , python [അത് തന്നെ പെരുമ്പാമ്പ്‌ ] ഇങ്ങനെ പലത്. പ്രധാനമായും രണ്ടു തരം ആള്‍ക്കാര്‍ ഉണ്ട് ടെവലപ്പരും ടെസ്ടരും. ഞങ്ങള്‍ ടെവലപ്പെര്സ് ഉണ്ടാക്കുന്നതിലെ തെറ്റ് കണ്ടു പിടിക്കുകയാണ് ടെസ്ടര്‍മാരുടെ പ്രധാന പണി. ഞങ്ങള്‍ തമ്മില്‍ ഇപ്പോഴും അടി ആയിരിക്കും , ടെസ്ടര്‍മ്മാര് പറയും ഇത് തെറ്റാണെന്ന് [ അതായതു ബഗ് ] , ഞങ്ങള്‍ പറയും അല്ല ഇത് ശരിയാണെന്ന് , അങ്ങനെ അങ്ങനെ നീണ്ടു പോകും.അവസാനം ഒരു തിരുമാനത്തില്‍ എത്തുകയും ചെയ്യും.

ഇന്നിപ്പോ നിങ്ങള്‍ കാണുന്ന മൊബൈല്‍ ഫോണ് , ടാബ്ലെട്സ് എല്ലാം ഇങ്ങനെ സോഫവേയറില്‍ അധിഷ്ടിതമാണ് എന്തിനേറെ ടെലിവിഷനില്‍ പോലും സോഫ്റ്റ്‌വെയര്‍ ഉണ്ട്.

ഞാന്‍ ഇപ്പൊ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എന്താണെന്നു പറഞ്ഞു തുടങ്ങിയിട്ടേ ഉള്ളു കേട്ടോ. ആയിരക്കണക്കിന് ശാഖകള്‍ ഉള്ള ഒരു വലിയ മേഖലയാണ് ഇത്. mainframe , വെബ്‌ development, core  development, mobile development   തുടങ്ങി എന്നിയാ തീരാത്ത പോരാത്തതിന് അതിന്റെ ഉള്ളില്‍ വേറെയും പല തരത്തില്‍ പെട്ട , പല ട്യ്പ്പിലുള്ള മറ്റേ മോഹന്‍ ലാല് പറയുന്ന പോലെ.

ഇതിപ്പോ മുഴുവനായി പറയണമെങ്കില്‍ ഒരു മിനിമം പഴയ നിയമം ബൈബിളിന്റെ വലുപ്പം വരും അത് കൊണ്ട് തല്‍ക്കാലം നിര്‍ത്താമെന്ന് തോന്നുന്നു.


ഇനി ഈ മേഖലയിലെ വലിയൊരു സത്യം ഞാന്‍ പറയാം, ഞങ്ങളില്‍ 90 % ആള്‍ക്കാരും ഇവിടെ ഇത് ഇഷ്ടമായിട്ടു വന്നവരല്ല ( എന്നെ പോലെ ചിലരൊഴികെ :) ) , കനമുള്ള ശമ്പളത്തിന്റെ മേല്‍ കണ്ണ് വച്ചോ അല്ലെങ്കില്‍ പദവിയുടെ പേരിലോ എത്തിപ്പെടുന്നവരാണ് ഭൂരിപക്ഷവും. അങ്ങനെ വരുന്നവര്‍ എത്രത്തോളം കഷ്ടപ്പാട് സഹിക്കുന്നുവെന്നു കണ്ടു അനുഭവിച്ചു അറിഞ്ഞവനാണ് ഞാന്‍.. . അത് കൊണ്ട് ദയവായി നിങ്ങള്ക്ക് താത്പര്യം ഇല്ലെങ്കില്‍ വന്നു പെടരുത് , നിങ്ങളുടെ മക്കളെയോ , സഹോദരി സഹോധരന്മാരെയോ ഒരിക്കലും ഇതിലേക്ക് വരാന്‍ നിര്‍ബന്ധിക്കരുത്. ഇനി ഇതില്‍ നിങ്ങള്ക്ക് താത്പര്യമുണ്ടോ എങ്കില്‍ നിങ്ങള്ക്ക് ഇത്രയും ഷൈന്‍ ചെയ്യാന്‍ പറ്റിയ ഒരിടം വേറെ ഇല്ല എന്ന് തന്നെ പറയാം. 

Sunday, July 29, 2012

തിരിച്ചു വരണോ ????

കുറേ കാലമായി ചുമ്മാ ഇന്ന് എന്റെ ബ്ലോഗ്‌ ഒന്ന് തുറന്നു നോക്കി. മുഴുവന്‍ പൊടി പിടിച്ചു  കിടക്കുന്നു. ഒരു പോസ്റ്റ്‌ ഇട്ടിട്ടു വര്ഷം രണ്ടു കഴിഞ്ഞിരിക്കുന്നു. വീണ്ടും  തുടങ്ങിയാലോ  എന്ന് ആലോചിക്കുന്നു, നോക്കട്ടെ എന്തെങ്കിലും വിഷയം ഉണ്ടോ എന്ന്.


ഇപ്പൊ മനസിലുള്ള വിഷയമെല്ലാം കുറച്ചു ടെക്നിക്കല്‍ ആണ്.. ഇത് ഒരു അനുഭവം + ടെക്നിക്കല്‍ ബ്ലോഗ്‌ ആക്കിയാലോ എന്ന് ആലോചിക്കുന്നു..

കുഴപ്പമില്ലല്ലോ അല്ലെ.. :) 

Monday, August 16, 2010

ഒരു പാവം ഞാനും , പിന്നെ ബാക്ടീരിയും....

കുരുട്ടു ബുന്ദ്ധി ,കുരുട്ടു ബുന്ദ്ധി എന്ന് കേട്ടിട്ടുണ്ടോ? അതായത് വെറുതെ വേറൊരു പണിയും ഇല്ലാതെ ഇരിക്കുമ്പോള്‍ എങ്ങനെ മറ്റുള്ളവര്‍ക്ക് പണി കൊടുക്കാം എന്ന് ആലോചിക്കുകയും,അത് നടപ്പിലാക്കി അവസാനം ബൂമരാന്ഗ് എറിഞ്ഞ മാതിരി തിരിച്ചു വന്നു സ്വന്തം നെറ്റിക്കടിക്കുകയും പിന്നീട് അത് വേണ്ടായിരുന്നു എന്ന് തോന്നിക്കുകയും ചെയ്യുന്ന രീതിയിലുള്ള സ്വഭാവത്തിനാണ് കുരുട്ടു ബുന്ദ്ധി എന്ന് വിളിക്കുന്നത്‌.

വളച്ചു കെട്ടാതെ കാര്യം പറയാം, ഞാന്‍ കോളജില്‍ പഠിച്ചിരുന്നപ്പോള്‍ എനിക്കൊരു ചങ്ങാതിയെ കിട്ടി, സ്വന്തം നാട്ടുകാരന്‍ , പോരാത്തതിണോ ഈ കുരുട്ടു ബുന്ദ്ധിയില്‍ എന്നേക്കാള്‍ ഒരു പടി മുന്‍പില്‍ നില്കുന്നവന്‍. അതില്‍പ്പരം എന്ത് വേണം ആഘോഷിക്കാന്‍.

സ്വതവേ പ്രോഗ്രമിങ്ങിനു പഠിക്കുന്ന ഏതൊരുവന്റെയും ആഗ്രഹമാണ് ഒരു ചെറിയ വൈറസ്‌ ഉണ്ടാക്കുക എന്നത്. പക്ഷെ മിക്കവാറും അത് നടക്കില്ല, അതിന്റെ കാരണം അത് എഴുതുന്നവര്‍ക്കെ അറിയൂ എത്ത്ര കഷ്ടപെട്ടലാണ് എന്നത്. അത് മാത്രമല്ല ഈ പറഞ്ഞ കുരുട്ടു ബുന്ദ്ധി ഇച്ചിരെ കൂടുതലും നോര്‍മല്‍ ആയി കിടക്കണ്ട ബുന്ദ്ധി ഇച്ചിരെ കുറഞ്ഞു കിടക്കുകയും ചെയ്യുന്ന compination വളരെ കുറച്ചേ ജന്മം എടുക്കാറുള്ളൂ.

എന്തായാലും രണ്ടു ജന്മങ്ങള്‍ ഒത്തു വന്നതിനാല്‍ ഞങ്ങള്‍ പയ്യെ ഒരു സിമ്പിള്‍ ആയ പ്രോഗ്രാം എഴുതി , ചുമ്മാ ഇന്റര്‍നെറ്റ്‌ explorar ടൈറ്റില്‍ മാറ്റി പകരം, " protected ബൈ despoterz " എന്നെഴുതി വയ്ക്കുക , പിന്നെ ചില പ്രോഗ്രാമുകള്‍ pendrivil നിന്നും ഡിലീറ്റ് ചെയ്തു കളയുക തുടങ്ങിയ ഒരു നിരുപദ്രവകാരിയായ പാവം,പക്ഷെ എന്ത് ചെയ്യാം വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നല്ലേ ... നമ്മള്‍ അഴിച്ചു വിട്ട സാധനം മിനുട്ടിന് വച്ച് പെട്ട് പെരുകുമെന്നു സ്വപ്നത്തില്‍ പോലും കരുതിയില്ല. അതങ്ങനെ അങ്ങനെ പടര്‍ന്നു പന്തലിച്ചു.ഒരു സിസ്റെത്തില്‍ നിന്ന് അടുത്തതിലേക്ക് അങ്ങനെ അങ്ങനെ.

അങ്ങനെ ഒരു മേയ് മാസം വന്നു 5 ദിവസം vecation ഞങ്ങള്‍ ഗോവയില്‍ പോയി അടിച്ചു പൊളിക്കാന്‍ തിരുമാനിക്കുന്നു, എന്റെ ചങ്ങാതി ഇതിനെക്കുറിച്ച്‌ പറഞ്ഞത് ഇങ്ങനെയാണ്. " ഗോവയിലെ വടപ്പാവിനു ഭയങ്കര രുചിയാണ് അത് കൊണ്ട് അതിന്റെ രുചി അറിയാന്‍ പോവുകയാ അല്ലാതെ ഗോവന്‍ ഫെനിയും, വെറും 35 രൂപയ്ക്ക് ഒരു പെഗ്ഗ് കിട്ടുന്ന signatur scotch ഒന്നും രുചിക്കാന്‍ പോവുകയല്ല". സത്യം ഞാനും അതിനു തന്നെയാ പോകുന്നത് അല്ലാതെ... ഛീ ഛീ ഇത്തരം പരിപാടിക്കൊന്നും നമ്മളെ കിട്ടൂല്ല..

അങ്ങനെ ഞങ്ങള്‍ പോകാനുള്ള ദിവസം വന്നു,
പോകാന്‍ വെറും മൂന്നു നാല് മണിക്കൂര്‍ മാത്രം ബാക്കി , നല്ല ത്രില്ലില്‍ ഇങ്ങനെ നിക്കുമോള്‍ ആണ് നമ്മുടെ സിസ്റ്റം ഇന്ചാര്ജ് എന്നാ കാലന്‍ വിളിക്കുന്നത്‌.
എന്തിനാണ് ഇയ്യാള് നമ്മളെ വിളിക്കുന്നത്‌ എന്ന് വിചാരിച്ചു ആവശ്യത്തിലേറെ ബഹുമാനം മുഖത്തു പുരട്ടി പയ്യെ വാതില്‍ തുറന്നു ചെന്നപാടെ ഒറ്റപ്പറച്ചില്‍ നിങ്ങള്‍ എവിടെയും പോകുന്നില്ല, സാറേ കാരണം ?

കാരണം ബാക്ടീരിയ ..

ബാക്ടീരിയയോ? സാറേ അതും ഞങ്ങളും തമ്മില്‍ സാറ് കരുതുന്നത് പോലെ അങ്ങനെ ഒന്നും ഇല്ല സാറേ.

ബഹുമാനത്തില്‍ അപ്പുറം ബഹുമാനം കലര്‍ത്തി ഞങ്ങള്‍ പറഞ്ഞൊപ്പിച്ചു. അന്നെരെ അയാള്‍ ഒരു സിസ്റ്റം ചൂണ്ടി കാണിച്ചു , ദേ കെടക്കുന്നു നല്ല പെടയ്കുന്ന കരിമീന്‍ പോലെ ഞങ്ങള്‍ ഉണ്ടാക്കിയ വൈറസ്‌.

പിന്നെ നമ്മുടെ സ്ഥിരം പരുപാടികള്‍, സ്ഥിരം പല്ലവികള്‍ സാറേ ഞാനിനി മേലാല്‍ ഇങ്ങനെ ചെയ്യൂല്ല(ഇതെത്ര പറഞ്ഞിട്ടുള്ളത നമ്മള്‍), പക്ഷെ ഒന്നിലും അവര്‍ വീണില്ല, അവസാനം ഞാന്‍ അടവിറക്കി, സാറേ എന്റെ ചേച്ചി ഗള്‍ഫില്‍ നിന്നും ലാന്ഡ് ചെയ്തതേ ഉള്ളൂ നാളെ രാവിലെ എനിക്ക് വീട്ടിലെത്തണം കഴിഞ്ഞ മൂന്നു കൊല്ലമായി ഞാവളെ കണ്ടിട്ട്(എവടെ ഇതൊക്കെ നമ്മള്‍ എത്ത്ര കണ്ടതാ ), ഇതില്‍ പുള്ളി വീണു , അങ്ങനെ തിരിച്ചു വന്നാല്‍ ഉടന്‍ എല്ലാ സിസ്ടവും ശരിയാക്കി കൊടുക്കാം എന്നാ ഗ്യാരണ്ടിയില്‍ ഞങ്ങള്‍ വീട്ടിലേക്കെന്ന് സാറിനോട് പറഞ്ഞു നേരെ ഗോവ പിടിച്ചു.( വീട്ടുകാരോട് ഗോവക്കനെന്നു നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു.)

അങ്ങനെ നമ്മുടെ വൈറസ്‌ ലക്‌ഷ്യം കണ്ടു , ചുരുങ്ങിയ ദിവസം കൊണ്ട് മെഗാ സീരിയല് ഹിറ്റാവുന്നത്‌ പോലെ ഞങ്ങളും ഞങ്ങളുടെ പ്രോഗ്രാമും ഹിറ്റായി.

അത് പിടിച്ചു നിര്‍ത്താന്‍ പഠിച്ച പണി പലതും നോക്കി പക്ഷെ നടന്നില്ല , കോളജില്‍ കൊടത്ത വാക്ക് പഴയ ചാക്ക് പോലെ ഇപ്പോഴും കെടക്കുന്നു.

ഇതിന്റെ പേരില്‍ ഇത് മാത്രമല്ലായിരുന്നു പ്രശ്നങ്ങള്‍, ഈ സാധനം ഞങ്ങള്‍ എഴുതിയതല്ല എന്നും , ഇന്റര്‍ നെറ്റില്‍ നിന്ന് ഡൌണ്‍ ലോഡ് ചെയ്തത് ആണെന്നും ഒക്കെ പറഞ്ഞു നടന്നവര്‍ ഉണ്ട്, സത്ത്യം ഞങ്ങള്‍ക്കറിയാം ( അത് പിന്നെ അങ്ങനെയല്ലേ ഉണ്ടാവൂ, തന്നെക്കൊണ്ട് ആവില്ലത്തത് മറ്റുള്ളവന്‍ ചെയ്യുന്നത് കാണുമ്പോള്‍ ഉള്ള കടി അതത്ര തന്നെ. അത് മാത്ത്രമാല്ലാ ഇന്റര്‍ നെറ്റില്‍ ഇങ്ങനെ വചെക്കുവല്ലേ ഇതെല്ലാം )

ഇതിപ്പം ഇവിടെ എഴുതാനുള്ള കാരണം വിട്ടു പോയി , വെറുതെ ഇങ്ങനെ ചൊറീം കുത്തി ഇവിടെ ഇരിക്കുമ്പം , എന്റെ സഹ്ഹയി ഒരു ലിങ്ക് അയച്ചു തന്നു ഇവിടെ നോക്കിയാല്‍ അത് കാണാം, ഒന്നുമല്ല നമ്മുടെ symantec ആന്റി വൈറസ്‌ കമ്പനി ഇങ്ങനെ ഒരു സാധനം ഉണ്ട്, സൂക്ഷിക്കുക എന്ന് പറയുന്ന ഒരു നോട്ട് ആണ്.

ഈ ഞാന്‍ പറയുന്ന എന്റെ സഹായിക്കും സ്വന്തമായി ഒരു ബ്ലോഗ്‌ ഒക്കെയുണ്ട്, ഇവിടെ നോക്കിയാല്‍ മതി.